തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.74 ശതമാനമാണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 18 പേരിൽ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുകയാണ്. ദേശീയ ശരാശരി 8.7 ആയിരിക്കുമ്പോഴാണ് കേരളത്തിൽ ഇത് ഇരട്ടിയിൽ അധികമായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ചിൽ താഴെ ആകുമ്പോൾ മാത്രമാണ് രോഗബാധ നിയന്ത്രണ വിധേയമെന്ന മാനദണ്ഡത്തിൽ എത്തുക. കേരളത്തിലെ കണക്ക് മൂന്നിരട്ടിയും കഴിഞ്ഞ് നാലിരട്ടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ മാസം തുടക്കം മുതൽ തന്നെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ എത്തിയിരുന്നു. വ്യാഴാഴ്ച മാത്രമാണ് നിരക്ക് പത്തിൽ താഴെ എത്തിയത്. പരിശോധന 60,000ല്‍ അധികം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പരിശോധന ഇനിയും വർധിപ്പിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.
രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം 10,000 ഇന്ന് 11,000 കടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇനിയും വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന സൂചന. ഇക്കാര്യം ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ നവംബർ മാസങ്ങളിൽ ഏറെ നിർണായകമാണെന്നാണ് ഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ഇപ്പോഴത്തെ നില തുടർന്നാൽ സംസ്ഥാന സർക്കാർ ആശങ്കപ്പെട്ട പോലെ ഒക്ടോബർ പകുതിയോടെ പതിനാറായിരത്തിന് മുകളിൽ രോഗികളുടെ പ്രതിദിന കണക്ക് എത്തും. രോഗനിയന്ത്രണത്തിനായി 144 അടക്കം പ്രഖ്യാപിച്ച് കർശനമായ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടു വരുമ്പോഴും സമ്പർക്കത്തിലൂടെ ഉള്ള രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 11,755 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അതിൽ 10,471 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.