തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം രണ്ടിനാണ് ഇയാൾ തൃശ്ശൂരിൽ നിന്നും സുഹൃത്തിനൊപ്പം ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയത്. അടുത്ത ദിവസം ഡ്യൂട്ടിയിൽ പ്രവേശിക്കുകയും വെള്ളയമ്പലത്തെ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള പമ്പിൽ നിന്ന് ഡീസൽ നിറക്കുകയും ചെയ്തിരുന്നു. നാലാം തിയതി മങ്കാട്ടുകടവ്, തച്ചോട്ടുകാവ് വഴിയുള്ള മലയിൻകീഴ് ബസിന്‍റെ ഡ്രൈവറായിരുന്നു.
അന്നേ ദിവസം ഇയാളോടൊപ്പമുണ്ടായിരുന്ന കണ്ടക്ടറെ നിരീക്ഷണത്തിലാക്കി. അഞ്ചാം തിയതി തമ്പാനൂർ റയിൽവേ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ വന്നവരുമായി കേരള തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിളയിലേക്ക് സർവീസ് നടത്തി. പാറശ്ശാല ഫയർഫോഴ്സ് സ്റ്റേഷൻ, വഴുതയ്ക്കാട് ആർ.ടി ഓഫീസ്, തമ്പാനൂർ ഫയർഫോഴ്സ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾ പോയിരുന്നു.
നേമം പൊലീസ് സ്‌റ്റേഷനിൽ നിന്നും അതിഥി തൊഴിലാളികളുമായി രണ്ട് ദിവസം തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലും എത്തി. പന്ത്രണ്ടാം തിയതിയാണ് ഇയാൾക്ക് പനിയും ശരീരവേദനയും ഉണ്ടായത്. അന്നും തൊടടുത്ത ദിവസവും ഡിപ്പോയിലെ റൂമിൽ തങ്ങി. ഈ ദിവസങ്ങളിൽ ഇയാളോടൊപ്പം ഉണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. 13ന് സ്രവ പരിശോധന നടത്തിയ ഇയാളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഇയാളുമായി അടുത്തിടപെട്ട 16 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധന നടത്തും. പാപ്പനംകോട് ഡിപ്പോ ഉൾപ്പെടെ ഇയാൾ സന്ദർശിച്ച പെട്രോൾ പമ്പും ഓഫീസുകളും അണു മുക്തമാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.