തിരുവനന്തപുരം: മനോഹരമായ ഉദ്യാനം, കുട്ടികൾക്ക് കളിച്ചു മറിയാൻ വിശാലമായ പാർക്ക്, തണല്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ, മിനിയേച്ചർ ട്രെയിൻ, കുടുംബത്തിനൊപ്പം ബോട്ടിങ്, ചെറിയ ഫ്ലോട്ടിങ് ബ്രിഡ്‌ജ് കടന്നാല്‍ സുന്ദരമായ ബീച്ച്... തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരമാണ് എന്നും വേളി ടൂറിസ്റ്റ് വില്ലേജ്.. എന്നാല്‍ കൊവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധിയില്‍ ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ വേളിയും വിസ്‌മൃതിയിലാണ്ടിരുന്നു.
വന്നു ഇളവുകൾ, കാണാം വേളിയുടെ സൗന്ദര്യം
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ വേളി ടൂറിസ്റ്റ് വില്ലേജ് വീണ്ടും സജീവമായി. വേളിയിൽ എത്തുന്നവർക്ക് ആസ്വദിക്കാൻ ഏറെയുണ്ട്. വരും ദിവസങ്ങളില്‍ ബോട്ടിങ് അടക്കം സജീവമാകുന്നതോടെ കൂടുതല്‍ ആകർഷകമാകും വേളി.
നിലവില്‍ വലിയ തിരക്ക് ഇല്ലെങ്കിലും വേളിയിലേക്ക് ആളുകൾ എത്തി തുടങ്ങി. കൊവിഡ് സൃഷ്ടിച്ച മാനസിക സംഘർഷങ്ങൾക്കിടയിൽ ലഭിച്ച ഇളവ് ആസ്വദിക്കുകയാണ് തിരുവനന്തപുരം.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
ബയോബബിൾ രീതിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം അനുവദിക്കുന്നത്. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
READ MORE: വേളി ടൂറിസ്റ്റ് വില്ലേജിലെ കുതിരകൾ ഹാപ്പിയാണ്; ഉടമകൾ നഷ്‌ടത്തിലും