തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ജയിലുകളില്‍ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് വ്യാപകമായിരുന്നു. ഈ സാഹചര്യത്തില്‍ തടവുകാർക്ക് പരോൾ അനുവദിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം കേരളത്തില്‍ നടപ്പാക്കിത്തുടങ്ങി. അർഹതയുള്ള മുഴുവൻ പേർക്കും പരോൾ നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
180 വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം ലഭിച്ചതുൾപ്പെടെ 917 പേരാണ് രണ്ടു ഘട്ടമായി പുറത്തിറങ്ങിയത്. ഹൈക്കോടതി ജഡ്‌ജി സി.ടി രവികുമാർ, ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയാണ് തടവുകാർക്ക് സ്വന്തം ബോണ്ടിൽ ഇടക്കാല ജാമ്യവും പരോളും നൽകാൻ തീരുമാനം എടുത്തത്.
കൂടുതല്‍ വായനയ്ക്ക്: കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുഖ്യമന്ത്രി
ആറായിരത്തോളം തടവുകാരാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്നത്. ആദ്യഘട്ട കൊവിഡ് വ്യാപനത്തിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം 550 ലേറെ തടവുകാർക്ക് രോഗം ബാധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ മാരകമായ ശേഷിയുടെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പ് പ്രത്യേക കരുതൽ പുലർത്തിയിരുന്നു.
5100 തടവുകാരിൽ പരിശോധന നടത്തിയപ്പോൾ 418 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ സ്ഥിതി നിയന്ത്രണാധീനമാണെങ്കിലും മുതിർന്ന തടവുകാരിൽ മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യം തടയുന്നതിന് പരോൾ അടക്കമുള്ള നടപടികൾ ജയിൽവകുപ്പ് ആവശ്യപ്പെട്ടിരുന്നു. നിലവിൽ പരോൾ ലഭിച്ചവർ ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ തന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്.