തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ കാരണം സമസ്ത മേഖലകളിലും തകർച്ചയും കടബാധ്യതയുമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ അടിയന്തര പ്രമേയത്തിലാണ് പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇടത്തെ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് കൊടുക്കുന്ന സർക്കാരാണ് കേരളത്തിൽ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം ദരിദ്രമായി കഴിഞ്ഞു. എല്ലാ മേഖലകളിലും ആത്മഹത്യ പ്രവണത വർധിക്കുന്നു. ഇന്ത്യക്ക് മാതൃകയാണെന്ന് പറഞ്ഞ സംസ്ഥാനം പൊളിഞ്ഞു പാളീസാവുകയാണ്. ലോകത്ത് കൊവിഡ് ഒന്നാം സ്ഥാനത്താണ് കേരളം. ഞങ്ങൾ നോക്കിക്കൊള്ളാം നിങ്ങൾ മിണ്ടണ്ട എന്ന നയം വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ധനമന്ത്രി കെ.എൻ ബാലഗോപാല്‍
അതേസമയം കേരളത്തിൽ പ്രഥമപരിഗണന ആരോഗ്യസംരക്ഷണത്തിന് ആണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. രണ്ടാം വ്യാപനത്തിൽ 2800 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കി. ക്ഷേമപെൻഷനുകളും അത് ലഭിക്കാത്തവർക്ക് 1000 രൂപ വീതവും സർക്കാർ നൽകി.
ലോകത്ത് ഏറ്റവും മോശമാണ് കേരളമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ കൂടി പറയണമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ
അതിനിടെ, പ്രതിപക്ഷ നിലപാട് അത്യന്തം പരിതാപകരമാണെന്നും ഭക്ഷ്യകിറ്റിനോട് വല്ലാത്ത അസഹിഷ്ണുതയാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നിയന്ത്രണങ്ങളോട് പൂർണമായും പരിഹസിക്കുകയാണ്. കേരളത്തിൽ ജീവിക്കുന്ന ആളെ പോലെ ആയിരുന്നില്ല കുഞ്ഞാലിക്കുട്ടി സംസാരിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
അതേസമയം ഏതെങ്കിലും മേഖലയിൽ മൊറട്ടോറിയം കൊടുക്കുന്നുണ്ടോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു. എല്ലാ വീടുകളുടെ വാതിലുകളിലും റിക്കവറി നോട്ടീസ് പതിപ്പിക്കുകയാണ്. സ്ത്രീകളോട് കൊള്ളപ്പലിശക്കാർ മോശമായി സംസാരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇളവുകൾ നിർത്തി ഫൈൻ ഈടാക്കുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യുന്നത്. അണികൾ ദൈവമായി കാണുന്ന മുഖ്യമന്ത്രി എല്ലാത്തിനും മുകളിൽ ആണെന്ന് കരുതരുത് എന്നും സർക്കാർ ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
also read: മലയാളം മഹാ നിഘണ്ടു എഡിറ്റർ നിയമനം സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമല്ല; ആർ ബിന്ദു