തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കൊവിഡ് രോഗബാധ ഗുരുതരമല്ലാത്തയാളുകള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സെന്‍ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സെന്‍ററുകള്‍ ആരംഭിക്കുക. അടഞ്ഞ് കിടക്കുന്ന ആശുപത്രികള്‍, പരിശീലന കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത, സാമുദായിക സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയെല്ലാം സെന്‍ററുകള്‍ ആരംഭിക്കുന്നതിനായി ഉപയോഗപ്പെടുത്തും.
ഇപ്രകാരം ആരംഭിക്കുന്ന സെന്‍ററുകളുടെ ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പരിധിയിലുള്ള ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. ആരോഗ്യ വകുപ്പായിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെയും ദൈനംദിന നടത്തിപ്പിന്‍റെയും ഭക്ഷണം, ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. സര്‍ക്കാര്‍ നിര്‍ദേശാനുസരണം അടിയന്തിര ഘട്ടങ്ങളില്‍ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങി നല്‍കും.
സിഎഫ്എല്‍ടിസിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്‍റെ അധ്യക്ഷന്‍ ചെയര്‍പേഴ്‌സണായ കമ്മിറ്റിയും, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡല്‍ ഓഫീസറുമുണ്ടാകും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.