തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ പുതിയ മേൽക്കൂര നിർമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഫോൾഡിങ് (മടക്കാൻ കഴിയുന്ന) രൂപത്തിലാകും പുതിയ മേൽക്കൂര ഒരുക്കുക. നേരത്തെ സ്ഥിരം മേൽക്കൂര പതിനെട്ടാം പടിക്ക് മുകളിൽ നിർമിച്ചിരുന്നു. എന്നാൽ കൊടിമരവും ശ്രീകോവിലും മറയ്ക്കുമെന്ന പരാതിയെ തുടർന്ന് ഈ മേൽക്കൂര മാറ്റിയിരുന്നു.
പടിപൂജ അടക്കമുള്ള പൂജവേളകളിൽ മഴ കാരണം ബുദ്ധിമുട്ട് ഉണ്ടാക്കാനുള്ള സാഹചര്യത്തിലാണ് പുതിയ മടക്കാൻ കഴിയുന്ന മേൽക്കൂര നിർമിക്കുന്നത്. 53 ലക്ഷം രൂപ ചിലവിലാണ് മേൽക്കൂര നിർമ്മിക്കുക. ഒരു സ്വകാര്യ കമ്പനിയാണ് മേൽക്കൂര സ്പോൺസർ ചെയ്യുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ പറഞ്ഞു.
അതേസമയം ദേവസ്വം ബോർഡിനെതിരെ അപവാദങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡൻ്റ് ആരോപിച്ചു. ബോർഡിന് ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ സഹായിച്ചിരുന്നു. എന്നിട്ടും സർക്കാർ ബോർഡിൻ്റെ വരുമാനമെടുത്തു എന്ന് പ്രചരിപ്പിച്ച്
ഭക്തരിൽ ആശയ കുഴപ്പമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.
ഭക്തർ നൽകുന്ന പണം ഒരിക്കലും അന്യാധീനപെടില്ല. ക്രമക്കേടുകൾ കണ്ടെത്തിയതിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനന്തഗോപൻ വ്യക്തമാക്കി.
പെരുനാട് പഞ്ചായത്ത് പരിസ്ഥിതി ലോലമാകുമെന്ന് വാർത്തയുണ്ട്. ഇത് ശബരിമലയുടെ നിർമ്മാണങ്ങളെ ബാധിക്കും. ഇതിൽ വ്യക്തത തേടി സർക്കാറിനെ സമീപിക്കും. ശബരിമലയിലെ വെർച്യൽ ക്യൂ ഏറ്റെടുക്കുന്നത് സർക്കാറുമായി അലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.