തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഡിഎഫ് ഘടക കക്ഷിയായ ആര്‍എസ്‌പി. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവരുമായി ആർഎസ്‌പി സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌ന പരിഹാരമായത്.
യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം
ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പുറത്തു വന്ന സംസ്ഥാന സെക്രട്ടറി എ.എ ആസീസ് ചര്‍ച്ചകള്‍ സമ്പൂര്‍ണ വിജയമായിരുന്നെന്നും ആര്‍എസ്‌പി യുഡിഎഫിന്‍റെ അഭിവാജ്യ ഘടകമാണെന്നും പ്രഖ്യാപിച്ചു.
ആര്‍എസ്‌പി നേതാക്കളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ക്ക് പുന:സംഘടനയില്‍ ഒരു സ്ഥാനവുമുണ്ടാകില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. പരസ്‌പരം അഭിപ്രായ വ്യത്യാസവുമില്ലെന്നും ഒരുമിച്ചു നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി ചര്‍ച്ച
കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ആര്‍എസ്‌പി അസംതൃപ്‌തി രേഖപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കുടുംബത്തിലെ തര്‍ക്കത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടാകുമെന്നും അത് ഘടക കക്ഷികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
ഡിസിസി പുന:സംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് വിമര്‍ശനവുമായി ആര്‍എസ്‌പി രംഗത്ത് വന്നത്. ഇന്ന് നടക്കുന്ന മുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്‌പിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. എ.എ അസീസ്, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, ഷിബു ബേബി ജോണ്‍, ബാബു ദിവാകരന്‍ എന്നിവര്‍ ആര്‍എസ്‌പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു.
Read more: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്‍.എസ്.പി ; മുന്നണിയിലും അപസ്വരം