തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരിഷ്‌കരണം ലക്ഷ്യമിട്ട് സർക്കാർ. വിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്താനും കേരളത്തെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാനും മൂന്ന് കമ്മിഷനുകളെ സർക്കാർ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
പരിഷ്‌കരണത്തിന് മൂന്ന് കമ്മിഷനുകൾ
ഡോക്ടർ ശ്യാം ബി. മേനോൻ ചെയർമാനായ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ, ഡോക്‌ടർ എൻകെ ജയകുമാർ ചെയർമാനായ സർവകലാശാല നിയമ പരിഷ്‌കാര കമ്മിഷൻ, ഡോ. സി.ടി. അരവിന്ദ കുമാർ അധ്യക്ഷനായ പരീക്ഷ പരിഷ്‌കരണ കമ്മിഷൻ എന്നിവയാണ് മൂന്ന് കമ്മിഷനുകൾ.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌കരിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഏഴ് അംഗങ്ങളടങ്ങിയ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ നൽകുക. സംസ്ഥാനത്തെ സർവകലാശാലകളുടെ നിയമങ്ങൾ സമൂലമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങൾക്കാണ് അഞ്ച് അംഗങ്ങൾ അടങ്ങിയ സർവകലാശാല നിയമ പരിഷ്‌കാര കമ്മിഷൻ ചുമതലപ്പെടുത്തിയത്. സർവകലാശാലകളിലെ പരീക്ഷ നടത്തിപ്പ് കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങളാണ് നാല് അംഗങ്ങളടങ്ങിയ പരീക്ഷ പരിഷ്‌കരണ കമ്മിഷൻ നൽകുക.
മൂന്ന് മാസത്തിനകം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ജ്ഞാന സമൂഹവുമായുള്ള കേരളത്തിന്‍റെ പരിവർത്തനത്തിനാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.
READ MORE: ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം വിജയം കാണുമെന്ന് ജലീല്‍