തിരുവനന്തപുരം/പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവർ യാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സൂപ്പർ ഡീലക്‌സ് ബസില്‍ വച്ചാണ് സംഭവം. ശനിയാഴ്‌ച പുലർച്ചെ മൂന്നു മണിയോടെ കൃഷ്‌ണഗിരിക്ക് സമീപത്ത് വച്ച് ഡ്രൈവര്‍ ചിറ്റാർ സ്വദേശി ഷാജഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.
ബസിൻ്റെ സൈഡ് വിൻഡോ നീക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ പരാതിക്കാരി ഡ്രൈവർ ഷാജഹാൻ്റെ സഹായം തേടിയിരുന്നു. സഹായിക്കാനെന്ന വ്യാജേന വിദ്യാർഥിയുടെ സ്വകാര്യഭാഗങ്ങളിൽ ഇയാള്‍ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 18ന് വൈകിട്ടാണ് ഇ മെയിലായി വിദ്യാർഥിനി കെഎസ്ആർടിസി വിജിലൻസ് ഓഫിസർക്ക് പരാതി നൽകിയത്.
വിജിലന്‍സ് ഓഫിസര്‍ പരാതി പത്തനംതിട്ട ഡിടിഒക്ക് കൈമാറി. ഷാജഹാനില്‍ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാന്‍ നല്‍കിയ മറുപടി. പിജി വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം. കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാല്‍ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടത്.
പീഡന പരാതി ആയതിനാല്‍ പൊലീസിന് കൈമാറണോ എന്നതില്‍ വ്യക്തത വരുത്താന്‍ കെഎസ്ആര്‍ടിസി നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, അന്വേഷണം പൂർത്തിയാക്കി ഇന്ന് വൈകിട്ടോ നാളെയോ കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന് വിജിലൻസ് ഓഫിസർ ഇടിവി ഭാരതിനോട് പറഞ്ഞു.
Also read: തെലങ്കാനയില്‍ യുവതിയെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തു