തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്‌ച തുറക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തിയും കോളജുകളില്‍ അണുനശീകരണം പൂര്‍ത്തിയാക്കിയുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഒന്നര വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം പുനരാരംഭിക്കുന്നത്. അഞ്ചും ആറും സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളുമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.
പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലായി പ്രതേക ബാച്ചുകളുമായാണ് നടത്തുന്നത്.
ഹാജര്‍ ഇല്ല, സമയക്രമം കോളജിന് തീരുമാനിക്കാം
ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. ആഴ്‌ചയില്‍ 25 മണിക്കൂര്‍ ക്ലാസ് എന്ന കണക്കില്‍ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.
എഞ്ചിനീയറിങ് കോളജുകളില്‍ ദിവസേന 6 മണിക്കൂര്‍ ക്ലാസ് തുടരും. ബിരുദാനന്തര ബിരുദ തലത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ നടത്തുക.
ആദ്യ ഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല. ഈ മാസം 18 മുതല്‍ കോളജിലെ എല്ലാ ക്ലാസുകളും തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുക. ഇത് പാലിക്കപ്പെടുന്നോ എന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also read: കോളജുകൾ തുറക്കുന്നു, ശ്രദ്ധിക്കേണ്ടതെന്തെല്ലാം ; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്