തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറത്തും, കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ. കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. കാസര്‍കോട് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 16 പേര്‍ക്ക് രോഗമുക്തിയുണ്ടായി. കണ്ണൂര്‍ (7) കാസര്‍കോട് (4) കോഴിക്കോട് (4) തിരുവനന്തപുരം (3) സ്വദേശികള്‍ക്കാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 117 പേര്‍ നിലവില്‍ ചികിത്സയിലാണ്. 36,667 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതില്‍ 36335 പേര്‍ വീടുകളിലും, 332 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20252 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതില്‍ 19442 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 104 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കം മൂലം വൈറസ് ബാധയുണ്ടായി.