തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ തുടര്‍ ചികിത്സക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഈ മാസം 23ന് അമേരിക്കയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി മെയ് മാസത്തിലാകും മടങ്ങി വരിക.
ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്‍റ് സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട ഫയല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തി. ഇന്നോ നാളെയോ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങും.
ഈ വര്‍ഷം ജനുവരിയില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയിരുന്നു. അന്നത്തെ ചികിത്സക്ക് 29.82 ലക്ഷം രൂപയായിരുന്നു ചെലവ്. കഴിഞ്ഞ ദിവസം ഈ തുക മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്‌തുതാപരമായ പിശക് സംഭവിച്ചതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കി. പൊതുഭരണ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് തുക അനുവദിച്ച് പുതിയ ഉത്തരവ് ഇന്ന് ഇറങ്ങും. യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ്, മറ്റ് ചെലവുകള്‍ തുടങ്ങിയവയുടെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്കാകും ബാക്കി തുക അനുവദിക്കുക. പാര്‍ട്ടി കോണ്‍ഗ്രസിനെ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര വൈകിയത്.