തിരുവനന്തപുരം: ഇന്ത്യൻ സേനയിൽ നാല് വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ ഉയരുന്ന യുവാക്കളുടെ രാജ്യവ്യാപക പ്രതിഷേധം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ദേശീയ സുരക്ഷ വിദഗ്‌ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും പദ്ധതിയുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിയിലെ നാലുവര്‍ഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴില്‍ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങള്‍ക്കൊക്കെ കേന്ദ്രസര്‍ക്കാര്‍ തൃപ്‌തികരമായ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കര്‍ത്തവ്യമാണ് അവര്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കുകയെന്നത് ഭരണകൂടത്തിന്‍റെ കടമയാണ്.
യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണം. പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.