തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇപ്പോഴും തുടരുകയാണെന്ന് എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധം അതിന്‍റെ മറ്റൊരു ഘട്ടത്തിലക്ക് കടക്കുകയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കടകളിലും ചന്തകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. മരണാനന്തര ചടങ്ങിന് ആകെ 20 പേര്‍ക്ക് പങ്കെടുക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതല്ലാതെ ഘട്ടം ഘട്ടമായി 20 എന്നല്ല. വിവാഹത്തിന് ആകെ പങ്കെടുക്കേണ്ടവരുടെ എണ്ണം 50 മാത്രമാണ്. എന്നാല്‍ വിവാഹത്തിന് മുമ്പും ശേഷവും ആളുകൂടുന്ന സ്ഥിതി കണ്ടു വരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ബസ് സ്റ്റാന്‍ഡുകളില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഓട്ടോറിക്ഷകളില്‍ അനുവദിച്ചതിലും അധികം ആളുകളെ കയറ്റുന്നു. വിലക്ക് ലംഘിച്ച് കൂടുതല്‍ ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ജ്യൂസ് കടകളിലും ചായക്കടകളിലും കുപ്പി ഗ്ലാസുകള്‍ പലയിടത്തും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗൗരവമായി കണ്ട് ഇതില്‍ ഇടപെടും.
മലയാളികള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള പാസിന്‍റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികളെ എത്തിക്കുന്നുണ്ട്. കുറുക്കു വഴികളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വന്നാല്‍ രോഗവ്യാപനം തടയാന്‍ കഴിയില്ല. രജിസ്‌ട്രേഷനില്ലാതെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് വന്‍ പിഴയും 28 ദിവസം ക്വാറന്‍റൈൻ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.