തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരുടെ സിപിഎം അനുകൂല ഫേസ് ബുക്ക് പോസ്റ്റുകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സിപിഎമ്മിനു വേണ്ടി ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളുള്ള പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടിയുടെ ആളുകള്‍ എന്നുപറഞ്ഞ് പോസ്റ്റിടുന്നവര്‍ ഔദ്യോഗിക വക്താക്കളോ ചുമതപ്പെടുത്തിയ നേതാക്കളോ അല്ല. അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല, ചുമതല ഏറ്റെടുക്കാന്‍ പാര്‍ട്ടിക്കുമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
also read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
പാര്‍ട്ടിയിലെ ആരെങ്കിലും തെറ്റുചെയ്താല്‍ സംരക്ഷിക്കില്ല. ഇന്നലെയും സംരക്ഷിച്ചിട്ടില്ല നാളെ സംരക്ഷിക്കുകയുമില്ല. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായി വക്രീകരിക്കാനാണ് ശ്രമിക്കുന്നത്.
മുന്‍ പ്രതിപക്ഷ നേതാവ് സ്വര്‍ണക്കടത്തും ചില ഒത്തു കളികളുമൊക്കെ ഉന്നയിച്ചിരുന്നല്ലോ. അതിന്റെ സ്ഥിതിയെന്തായെന്നറിയാമല്ലോ. ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ എന്ന നിലയില്‍ എന്തെങ്കിലും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിക്കാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.