തിരുവനന്തപുരം: സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകക്കുറവ് പരിഹരിക്കാനുള്ള സമ്പുഷ്‌ട കേരളം പദ്ധതിക്ക് തുടക്കമായി. കേന്ദ്രപദ്ധതിയായ പോഷണ്‍ അഭിയാന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ മുഖ്യാതിഥിയായി.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന് രണ്ട് വയസാകുന്നതുവരെയുള്ള ആയിരം ദിവസങ്ങളില്‍ കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യവും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്-സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി 14 ജില്ലകളിലും വണ്‍സ്റ്റോപ്പ് സെന്ററുകള് സ്ഥാപിക്കുമെന്ന് ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണം, ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പിന്തുണയും അഭ്യര്‍ത്ഥിച്ച സ്മൃതി ഇറാനി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.