തിരുവനന്തപുരം: പ്രവാസികളുടെ കൊവിഡ് പരിശോധന സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവർ ഒരേ വിമാനത്തിൽ വരരുതെന്നും അതത് രാജ്യങ്ങളിൽ തുടരണമെന്നും മാർച്ച് 11ന് പറഞ്ഞ മുരളീധരൻ പിന്നീട് നിലപാട് മാറ്റി. ഇങ്ങനെയൊരു നിലപാട് കേരളം ഒരിക്കലും എടുത്തിട്ടില്ല. രോഗമുള്ളവർ പ്രത്യേകം വിമാനത്തിൽ വരണമെന്നാണ് പറഞ്ഞതെന്നും നിലപാട് മാറ്റത്തിനു പിന്നിലെന്താണെന്ന് കേന്ദ്ര സഹമന്ത്രി വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനം പ്രവാസികൾക്ക് എതിരാണെന്ന പ്രചാരണം നടക്കുന്നു. നിർഭാഗ്യവശാൽ പ്രചാരകരുടെ കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രിയും ഭാഗഭാക്കാകുന്നതാണ് കാണുന്നതെന്നും മഹാദുരന്തത്തിന്‍റെ ഘട്ടത്തിൽ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കാൻ മുതിരരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.