തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി മത്തായി മരിച്ച കേസിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതയിൽ കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ച എഫ്ഐആറാണ് ഫയലിൽ സ്വീകരിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി, അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവ് ഇറക്കിയത്. മരണത്തിലെ ദുരൂഹത അകറ്റാൻ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുവാൻ സിബിഐ ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ സിബിഐ സമർപ്പിച്ച എഫ്ഐആറിൽ പ്രതികളുടെ പേര് ചേർത്തിട്ടില്ല. പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിലും പേര് പ്രതികളുടെ പേര് ചേര്‍ത്തിരുന്നില്ല. മൃതദേഹം തഹസിൽദാറുടെ സാന്നിധ്യത്തിലാകും ഇന്‍ക്വസ്റ്റ് ചെയ്യുക.
വനംവകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ഈ വർഷം ജൂലായ് 28 ആണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുന്നത്. അന്ന് വൈകുന്നേരം തന്നെ മത്തായുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ജൂലൈ 31ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മത്തായിയുടെ ശരീരം സംസ്‌കരിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചു. തുടർന്ന് മത്തായിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടത്.