തിരുവനന്തപുരം: മനസൊന്നു കൈവിട്ടാല്‍ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥ. പക്ഷേ നന്മ കൈവിടാത്ത ലോകം ഒപ്പം നിന്നപ്പോൾ മൂന്ന് ജീവനുകളാണ് ജീവിതം തിരിച്ചു പിടിച്ചത്. ഒൻപത് വർഷം മുൻപ് അമ്മ ലീലകുമാരി മരിച്ചതോടെയാണ് നെയ്യാറ്റിൻകര കാരോട് ചെന്നിയോട് വീട്ടിൽ രാമചന്ദ്രൻനായരുടെ രണ്ട് പെൺമക്കളുടേയും ജീവിതം അരക്ഷിതമായത്.
അച്ഛൻ ഭിക്ഷ എടുത്തു ലഭിക്കുന്ന തുക മാത്രമായിരുന്നു ഇവരുടെ വരുമാനം. ഇതിനിടെ വീട് തകർന്നു. സാമൂഹിക വിരുദ്ധരുടെ ശല്യം മറ്റൊരു വശത്ത്. ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിന് കാവലിന് നായയെ വളർത്തി. ദുരിത ജീവിതത്തിനിടെ അച്ഛന്‍റെ മനസിന്‍റെ നിയന്ത്രണം കൂടി തെറ്റിയതോടെ കഴിഞ്ഞ പത്ത് വർഷമായി 38 വയസുള്ള ചിത്ര കുമാരിയുടെയും 36കാരി സ്‌മിതയുടെയും ജീവിതം ഈ വീടിനകത്ത് മാത്രമായി.
കണ്ണടയ്ക്കാനാവില്ല, ഇവർക്കു നേരെ
ജില്ല പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്‌സൺ വിആർ സലൂജയും എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് കോട്ടുകാൽ കൃഷ്ണകുമാറും ചേർന്ന് സാമൂഹികനീതി വകുപ്പിന്‍റെ സഹായത്തോടെ ചിത്രയേയും സ്‌മിതയേയും മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൗൺസിലിങിന് വിധേയമാക്കി. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു.
ജീവിതം തിരികെ പിടിച്ച ഈ പെൺകുട്ടികൾ സ്വന്തം വീട്ടിലേക്ക് താമസം മാറി. വീട്ടില്‍ വൈദ്യുതി എത്തിച്ചു. റേഷൻ കാർഡ് നല്‍കി. അറ്റകുറ്റപ്പണി നടത്തിയ വീട്ടില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഗൃഹപ്രവേശന കർമം നിർവഹിച്ചു. അച്ഛൻ രാമചന്ദ്രൻ നായർക്ക് ഇപ്പോഴും കൗൺസിലിങ് തുടരുന്നതിനാൽ സംരക്ഷണത്തിനായി ഒരാളെ തുണയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഇനി ഇവർക്ക് സ്വസ്ഥമായി അന്തിയുറങ്ങാം.. മഴനനയാതെ... സാമൂഹിക വിരുദ്ധരുടെ ഭയമില്ലാതെ...
ALSO READ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരിഷ്‌കരണത്തിന് മൂന്ന് കമ്മിഷനുമായി സർക്കാർ