തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സാഹചര്യം വിശദമായും സമയ ബന്ധിതമായും പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതു സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഉത്തരവ് പുറപ്പെടുവിക്കാനാവശ്യമായ കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതും പരിശോധിക്കും.
'കേരളത്തിന്‍റെ സുരക്ഷക്ക് ഭംഗം വരുത്തുന്ന തീരുമാനമെടുക്കില്ല'
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷയ്ക്ക് കോട്ടം വരുന്നതോ കേരളത്തിന്‍റെ സുരക്ഷയ്ക്ക് ഭംഗം വരുന്നതോ ആയ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല. സര്‍ക്കാര്‍ സുപ്രീംകോടതി മുന്‍പാകെ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരുത്തരവ് ഏതുദ്യോഗസ്ഥന്‍ പുറപ്പെടുവിച്ചാലും അത് നിലനില്‍ക്കുന്നതല്ല.
15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസ് ഉത്തരവ് പുറപ്പെടുവിച്ചത് നവംബര്‍ അഞ്ചിനാണ്. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ ആറിനാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് നവംബര്‍ 7ന് വനം സെക്രട്ടറി ഉത്തരവിറിക്കിയിട്ടുണ്ട്.
'സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിലപാട് എടുക്കില്ല'
കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്‍റെ പ്രഖ്യാപിത നിലപാട്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐക്യകണ്‌ഠേന പ്രമേയവും പാസാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. അതില്‍ നിന്നു വ്യത്യസ്‌തമായ സമീപനം സര്‍ക്കാര്‍ ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല. സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്ന പ്രശ്‌നമില്ല.
നിലവില്‍ സുപ്രീംകോടതിയില്‍ ഹിയറിംഗിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ശക്തമായി വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്‌തിട്ടുണ്ട്. മറുപടി സത്യവാങ്മൂലത്തില്‍ ഖണ്ഡിക 17 ല്‍ തമിഴ്‌നാടിന്‍റെ മരം മുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്‍റെ കാരണങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
കടുവ സങ്കേത്തിന്‍റെ ഭാഗമായതിനാല്‍ മരം മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈൽഡ് ലൈഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമേ 1980ലെ വന സംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്‌നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമേ ഈ വര്‍ഷം ഫെബ്രുവരി 19ന് ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വനം-വന്യ ജീവി വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ എല്ലാ സംശയങ്ങള്‍ക്കും വ്യക്തത വരുത്തണമെന്ന് സമിതി ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സംയുക്ത പരിശോധനയും നടന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നതിനായാണ് മേല്‍പ്പറഞ്ഞ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
READ MORE: സർക്കാരിനെ പ്രതിരോധത്തിലാക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ്