തിരുവനന്തപുരം: തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തു എന്നത് കൊണ്ട് മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ കുറ്റക്കാരനെങ്കില്‍ ഒരിളവും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കുറ്റവാളിയാണെങ്കില്‍ അതിന്‍റെ പേരില്‍ നടപടിയുണ്ടാകുക തന്നെ ചെയ്യും.
അദ്ദേഹം തന്‍റെ നാട്ടുകാരനാണ്. ഓണത്തിന് തന്നെ കാണാന്‍ കണ്ണൂരിലെ വീട്ടില്‍ വന്നു, ഫോട്ടോ എടുക്കണമെന്നു പറഞ്ഞു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ കുറെ നാളായി ഒരു ഫോട്ടോ എടുത്തിട്ടെന്നു പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തതില്‍ ഒരു തെറ്റുമില്ല. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് തന്‍റെ പേരില്‍ വേണ്ടെന്നായിരുന്നു മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ശേഷമാണ് ഫോട്ടോ എടുത്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, കെപിസിസി സെക്രട്ടറിയായിരുന്ന പ്രശാന്ത് എപ്പോഴാണ് മാലിന്യമായതെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് അവിടെ സുരക്ഷിതത്വവും മനസമാധാനവും ഇല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മതനിരപേക്ഷ നിലപാടിനൊപ്പം നില്‍ക്കുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചു. അദ്ദേഹം ശക്തവും ശരിയുമായ നിലപാട് സ്വീകരിച്ചു.
ശരിയായ നിലപാടെടുക്കുന്നവരെ സഹകരിപ്പിക്കാന്‍ സ്വാഭാവികമായും സിപിഎം തയ്യാറാകും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും തീക്ഷ്‌ണമാകുകയാണെന്നും അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍