തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതാശ്വാസം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകാത്തതില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം. എൻഡോസൾഫാൻ നഷ്‌ടപരിഹാരം സംബന്ധിച്ച ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന് എൻ.എ നെല്ലിക്കുന്ന് ആരോപിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസം സംബന്ധിച്ചും എൻഡോസൾഫാൻ പുനരധിവാസ പദ്ധതി ഏകോപന പരിഹാര സെൽ നിഷ്ക്രിയമായതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും എൻ.എ നെല്ലിക്കുന്നാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിന് മറുപടി നൽകിയത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദുവായിരുന്നു. ഇക്കാര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്.
'സര്‍ക്കാരിന് നിസംഗത'
നഷ്‌ടപരിഹാരം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ ചേർന്ന യോഗത്തിൽ വിവരങ്ങൾ നിയമസഭയിൽ ചോദിച്ചപ്പോഴും ശേഖരിച്ച് വരുന്നു എന്ന മറുപടിയാണ് നൽകിയതെന്ന് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. വൈറ്റ് ഹൗസിലെ കാര്യങ്ങളല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ വിവരങ്ങളാണ് ചോദിച്ചത്. നിസംഗതയോടെയാണ് സർക്കാർ കാര്യങ്ങൾ കാണുന്നതെന്നും നെല്ലിക്കുന്ന് ആരോപിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ള കാര്യമായതിനാലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. ഈ വിവരങ്ങളെല്ലാം നന്നായി അറിയാവുന്നയാളാണ് മുഖ്യമന്ത്രി. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവരെ പരിഗണിക്കുമെന്ന ഒരു മറുപടിയെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിച്ചു. എന്നാൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഒഴിഞ്ഞ് മാറിയ മുഖ്യമന്ത്രിയുടെ നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നതായും സതീശൻ പറഞ്ഞു.
Also read: എയിംസിനായി കാസര്‍കോട് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് സമരം ; നിയമ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യം