തിരുവനന്തപുരം: പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ദൈനംദിന പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ത്രിതല പഞ്ചായത്തുകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ പദ്ധതി വിഹിതം വെട്ടിക്കുകയ്ക്കുകയല്ല, വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നുവെന്ന് ആരോപിച്ച് കെ.സി.ജോസഫാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചു. ഫണ്ട് ലഭിക്കാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ പോലും മാറ്റേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പദ്ധതിവിഹിതത്തില്‍ ഇരുപതുശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയതെന്ന് ധനമന്ത്രി മറുപടി നല്‍കി. വരുമാനത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ കുറവു വരുന്നതിലൂടെ പദ്ധതികളും നടപ്പാക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാക്കുകളുടെ കസർത്തു മാത്രമാണ് ധനമന്ത്രി നടത്തിയത്. പൊതുമരാമത്തു മന്ത്രി പറഞ്ഞ പദ്ധതി വിഴുങ്ങുന്ന "ബകൻ " ഉദ്യോഗസ്ഥരല്ല, മറിച്ചു ധനമന്ത്രിയാണെന്നും ചെന്നിത്തല പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.