തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. രോഗത്തിന്‍റെ ഉറവിടവും സമ്പര്‍ക്കത്തില്‍ വന്നവരുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് സംഘമെത്തിയത്. സംസ്ഥാനത്ത് സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദഗ്‌ധസംഘം സംസ്ഥാനത്തിന് മാര്‍ഗനിര്‍ദേശം നല്‍കും.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്. നാഷണല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്‍റ് ഡയറക്‌ടർ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ആര്‍എംഎല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖല അഡ്വൈസര്‍ ഡോ. പി രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.
തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനം ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘം പരിശോധിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരുമായും സംഘം കൂടിക്കാഴ്‌ച നടത്തും. മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ചികിത്സാവിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.
സന്ദര്‍ശന ശേഷം കേന്ദ്രസംഘം ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇതിനുശേഷമാകും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സ രീതിയിലും മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചിക്കുക. രോഗം സ്ഥിരീകരിച്ചയാളുമായി വിമാനത്തിലും അല്ലാതെയും സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.