തിരുവനന്തപുരം : കോഴിക്കോടിന് സമാനമായി തിരുവനന്തപുരം കോര്‍പറേഷനിലും കെട്ടിട നമ്പർ തട്ടിപ്പ്. വാണിജ്യ അടിസ്ഥാനത്തിലുള്ള കെട്ടിടത്തിന് അനധികൃതമായി കെട്ടിട നമ്പർ നൽകിയെന്ന് കോർപറേഷന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. മേയറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ എസ് ആര്യ രാജേന്ദ്രൻ അറിയിച്ചു. ക്രമക്കേട് നടത്തിയ രണ്ട് താത്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ജോലിയിൽ നിന്ന് നീക്കി. കേശവദാസപുരം വാർഡിലെ രണ്ട് വാണിജ്യ കെട്ടിടങ്ങൾക്കാണ് നമ്പർ നൽകിയിരിക്കുന്നത്.
സഞ്ചയ സോഫ്‌റ്റ്‌വെയറില്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന, യൂസർനെയിമും പാസ്‍വേഡും കൈക്കലാക്കിയാണ് ജീവനക്കാർ ക്രമക്കേട് നടത്തിയത്. ഈ വര്‍ഷം ജനുവരി 28നാണ് കെട്ടിട നമ്പർ പാസായത്. ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ കോര്‍പറേഷന്‍ ഉത്തരവിറക്കി.
കോഴിക്കോട് കോര്‍പറേഷനിലും സമാന സംഭവം നടന്നിരുന്നു. സെക്രട്ടറിയുടെ പാസ്‌വേഡ് ചോർത്തി, പൊളിക്കാൻ നിർദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകുകയായിരുന്നു. സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.