തിരുവനന്തപുരം : തിരുവനന്തപുരം, കൊച്ചി നഗരസഭകളുടെ ബജറ്റ് അയഥാർഥമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സിഎജി. 2015-16 മുതൽ 2019-20 വരെയുള്ള ബജറ്റ് എസ്റ്റിമേറ്റുകളും യഥാർഥ തുകയുമടങ്ങിയ പട്ടിക നിരത്തിയാണ് സിഎജി ഇത് വ്യക്തമാക്കുന്നത്. കണക്കുകളിൽ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ തുകയും തമ്മിൽ വലിയ അന്തരമാണുള്ളത്.
തിരുവനന്തപുരം കോർപറേഷനിൽ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ തുകയും തമ്മിലുള്ള വ്യത്യാസം 2015-16 മുതൽ 2019-20 വരെയുള്ള കാലയളവിൽ 32.03 മുതൽ 69.32 വരെയാണ്. കൊച്ചി കോർപറേഷനിൽ ഇത് 46.82 നും 71.68 നും ഇടയിലാണ്. വടക്കാഞ്ചേരി, കൽപ്പറ്റ മുനിസിപ്പാലിറ്റികളിലേയും ബജറ്റിലെ യാഥാർഥ്യമില്ലായ്‌മ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വാസ്‌തവമല്ലാത്ത കണക്കുകൾ ബജറ്റിൽ നിരത്തുന്ന നഗരസഭകളുടെ ഈ പ്രവണതകൾ ബജറ്റിലെ യാഥാർഥ്യത്തെക്കുറിച്ച് ഉത്കണ്ഠ ഉളവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അത് സാമ്പത്തിക നിയന്ത്രണത്തിനും ചെലവ് പരിപാലനത്തിനുള്ള ഉപകരണമായി വർത്തിക്കാനുള്ള അർഹത ഇല്ലാതാക്കുമെന്നും സിഎജി നിരീക്ഷിക്കുന്നു.
മുൻവർഷങ്ങളിലെ വരവുകളുടെയും ചെലവിൻ്റെയും പ്രവണതകളുടെയും അടിസ്ഥാനത്തിലല്ല തദ്ദേശസ്ഥാപനങ്ങളിലെ എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബജറ്റ് തുകകൾ കൂടുതൽ യാഥാർഥ്യം പുലർത്തുന്നതാകുമായിരുന്നുവെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
ആസൂത്രിതമായ ബജറ്റ് രൂപീകരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങൾ കുറഞ്ഞ പരിഗണനയേ നൽകിയിരുന്നുള്ളൂവെന്നാണ് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നതെന്നും സിഎജി നിരീക്ഷിച്ചു.