തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കാന്‍ സമഗ്ര രൂപരേഖയുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
മാതൃശിശു സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സൗകര്യമൊരുക്കും. ആശുപത്രികളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുക, ആറ് മാസം വരെ മുലപ്പാല്‍ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, തുടങ്ങിയ കാര്യങ്ങളില്‍ അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും പരിശീലിപ്പിക്കുകയും പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
കൂടുതല്‍ വായനക്ക്:- സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളത്ത് ആരംഭിച്ചു
കേരളത്തില്‍ ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം 55 ശതമാനത്തില്‍ താഴെ മാത്രമാണ്. മറ്റ് പല ആരോഗ്യ സൂചികകളിലും കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് ഈ കാര്യത്തില്‍ പിന്നാക്കം പോയതിന് പരിഹാരം കാണാനാണ് ആരോഗ്യവുപ്പ് ശ്രമം.
നടത്തിപ്പിന് ആശുപത്രികളും ആശാ വര്‍ക്കര്‍മാരും
സ്വകാര്യ ആശുപത്രികളെക്കൂടി ഈ പദ്ധതിയില്‍ പങ്കാളികളാക്കും. ആദിവാസി മേഖലയില്‍ മുലപ്പാലിന്‍റെ പ്രാധാന്യം മനസിലാക്കിക്കാന്‍ ആശാവര്‍ക്കര്‍മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരിട്ട് സന്ദേശം എത്തിക്കുന്നതിന് വേണ്ടി അങ്കണവാടി ജിവനക്കാരുടെ സേവനം ഉപയോഗിക്കും. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ബ്രസ്റ്റ് ഫീഡിംഗ് ക്യാബിനുകള്‍ വകുപ്പ് സ്ഥാപിക്കും. ഇത്തരത്തില്‍ വ്യാപകമായ പ്രചരണം നടത്താനാണ ആരോഗ്യ വകുപ്പ് തീരുമാനം.