തിരുവനന്തപുരം: വെമ്പായം വേറ്റിനാട് കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്‌ചയ്ക്ക് മുൻപ് കാണാതായ അനുജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു മൃതദേഹം.
കഴിഞ്ഞ മാസം 30നാണ് അനുജയെ കാണാതായത്. അന്നുതന്നെ ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ (സെപ്‌റ്റംബര്‍ 17) വൈകിട്ടോടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ആഴ്‌ചയിലേറെ പഴക്കമുണ്ട്. വട്ടപ്പാറ പൊലീസും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്ത മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം സംബന്ധിച്ച് വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതാകുന്നതിന് മുമ്പ് ചിലർക്ക് കൊടുക്കാനുള്ള പണം സംബന്ധിച്ച് ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന അനുജയ്ക്ക് നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിവാഹമോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം മൂന്നിന് നിശ്ചയിച്ചിരിക്കുകയായിരുന്നു.
Also Read: കോഴിക്കോട് ജില്ലയില്‍ യുവാവിനെ കാണാതായി; സംഭവത്തില്‍ ദുരൂഹത