തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രിപ്പണിയല്ല മന്ത്രിപ്പണിയാണ് ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈന്ദവ വിശ്വാസങ്ങളെ തന്‍റെ ഇഷ്ടപ്രകാരം മാറ്റുകയാണ് കടകംപള്ളി ചെയ്യുന്നത്. ശബരിമലയിൽ മന്ത്രി ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കുകയാണ്. നെയ്യഭിഷേകം വേണ്ട എന്ന് തീരുമാനിച്ചത് തന്ത്രിയുമായോ വിശ്വാസികളുമായോ ചർച്ച ചെയ്യാതെയാണ്. കടകംപള്ളി മനയിൽ സുരേന്ദ്രൻ തന്ത്രിയായി മന്ത്രി മാറിയിരിക്കുകയാണ്. വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ മന്ത്രിക്ക് ആരാണ് ഇത്തരത്തിൽ അധികാരം നൽകിയതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
നവരാത്രി ഘോഷയാത്രയുടെ ഘടനയിൽ ഏകപക്ഷീയമായി സർക്കാർ മാറ്റം വരുത്തുകയാണ്. ലോറിയിൽ കയറ്റി കൊണ്ടുവരാമെന്നത് കടകംപള്ളിയുടെ നിർദേശമാണ്. ആൾക്കൂട്ടം ഒഴിവാക്കി ആചാരം പാലിക്കണം. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുത്. കടകംപള്ളിയുടെ വാശിയും ധാർഷ്ട്യവും ഇക്കാര്യത്തിൽ കാണിക്കരുതെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.