തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനം പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്തിയതും 35 സീറ്റു കിട്ടിയാല്‍ കേരളം ഭരിക്കുമെന്നുള്ള സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ പ്രസ്താവനയും നിയമസഭ തെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയായെന്ന് ബിജെപി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നാല് ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്‍റും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
35 സീറ്റു കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവന കേരളത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ധാരണയെന്ന ചിന്ത വോട്ടര്‍മാരിലുളവാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി മുതിരുന്നതെന്ന് വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. ഇത് എല്‍.ഡി.എഫിനു ഗുണം ചെയ്തു. ശബരിമല പോലുള്ള മതപരമായ വിഷയങ്ങള്‍ യാതൊരു പ്രതികരണവും വോട്ടര്‍മാരിലുളവാക്കിയില്ല. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടി വന്‍ പരാജയമായി.
ഒ രാജഗോപാല്‍ ജനകീയനായില്ല
നേമത്ത് എം.എല്‍.എ ആയിട്ടും ജനകീയ പരിവേഷം ആര്‍ജിക്കാന്‍ ഒ രാജഗോപാലിന് കഴിഞ്ഞില്ല. ഒ രാജഗോപാലിന്‍റെ പ്രസ്താവനകള്‍ പ്രത്യേകിച്ച് നേമം മണ്ഡലത്തില്‍ സംസ്ഥാനത്ത് പൊതുവേയും ബി.ജെ.പിക്ക് തിരിച്ചടിയായി. ശബരിമല മാത്രം പ്രചാരണ വിഷയമാക്കി കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രചാരണം വൻ പരാജയത്തിനു കാരണമായി.
രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ തീരുമാനവും പാര്‍ട്ടിക്ക് ദോഷം ചെയ്തു. ഗുരുവായൂരിലും തലശേരിയിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതും തെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കി.
ബി.ഡി.ജെ.എസ് ഗുണം ചെയ്‌തില്ല
ബി.ഡി.ജെ.എസ് മുന്നണിക്കൊപ്പമുണ്ടായിരുന്നെങ്കിലും ഈഴവ വോട്ടു നേടുന്നതിന് അത് സാഹയകമായില്ല. ന്യൂന പക്ഷങ്ങള്‍ ഒന്നടങ്കം എല്‍.ഡി.എഫിനു പിന്നില്‍ അണി നിരന്നു. ഇതിനു കാരണവും സുരേന്ദ്രന്‍റെ 35 സീറ്റ് പ്രസ്താവനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.