തിരുവനന്തപുരം: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തിന് ബിജെപി പിന്തുണ. കേരള നിയമസഭയിലെ ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാൽ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ ഐക്യകണ്‌ഠ്യേനയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഇക്കാര്യം സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കണ്ട രാജഗോപാൽ നിലപാട് കൃത്യമായി വ്യക്തമാക്കി. നിയമസഭയുടെ പൊതുവികാരമാണ് ഇന്നത്തെ പ്രമേയം എന്നും അതിനെ താൻ അനുകൂലിക്കുകയാണെന്നും ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക നിയമത്തിനെതിരായ പ്രമേയത്തിനെതിരെ നിൽക്കാനാകില്ല. നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന പറഞ്ഞിട്ട് കാര്യമില്ലെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പ്രമേയത്തെ അനുകൂലിക്കുന്നു എന്നുതന്നെയായിരുന്നു രാജഗോപാലിന്‍റെ മറുപടി.
നിയമസഭയില്‍ പ്രമേയ അവതരണ സമയത്ത് സംസാരിക്കുമ്പോഴും പ്രമേയത്തെ എതിർക്കാൻ രാജഗോപാൽ തയ്യാറായില്ല. കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന പരാമർശങ്ങൾ മാത്രമാണ് രാജഗോപാൽ എതിർത്തത്. എന്തിലും മോദിയെ വിമർശിക്കുന്നു എന്ന് കരുതുന്നവർ വിമർശിക്കട്ടെ. വ്യവസ്ഥകൾക്ക് വിധേയമായി കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. സമരക്കാരിലെ രാഷ്ട്രീയക്കാരാണ് ഇത് അനുവദിക്കാത്തതെന്നും രാജഗോപാൽ നിയമസഭയിലെ ചർച്ചയിൽ പറഞ്ഞു.
പ്രമേയത്തെ നിയമസഭയിൽ എതിർക്കും എന്നായിരുന്നു രാജഗോപാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ നിലപാടിൽ നിന്ന് പിന്നാക്കം പോയി പ്രമേയത്തെ അനുകൂലിക്കുകയാണ് രാജഗോപാൽ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വം വെട്ടിലായി. കാർഷിക നിയമങ്ങൾ കർഷകന് അനുകൂലമാണ് എന്ന തരത്തിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കേരളത്തിലെ ഏക ബിജെപി എംഎൽഎ തന്നെ നിയമത്തിനെതിരെ നിലപാട് എടുത്തിരിക്കുന്നത്.