തിരുവനന്തപുരം : നികുതി വെട്ടിപ്പ് കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നികുതി വെട്ടിപ്പ് കേസിലെ പ്രധാന പ്രതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌ത പശ്ചാത്തലത്തിലാണിത്. യുഡിഎഫ് കൗൺസിലർമാരും സമരം അവസാനിപ്പിച്ചിരുന്നു.
നഗരസഭയുടെ മുഴുവൻ സോണുകളിലും പ്രധാന ഓഫിസിലും ലോക്കൽ ഫണ്ട് ഓഡിറ്റ് നടത്തി ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി കെ രാധാകൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എം വിൻസെൻ്റ് എംഎൽഎയ്ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് സമരം അവസാനിപ്പിച്ചത്.
READ MORE: വീട്ടുകരം വെട്ടിപ്പ് ; യുഡിഎഫ് സമരം അവസാനിപ്പിച്ചു
പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 29 ദിവസം ബിജെപി സമരത്തിലായിരുന്നു. പത്തുദിവസത്തോളം കൗൺസിൽ ഹാളിൽ തന്നെ നിരാഹാരവും നടത്തി. നിലവിൽ പ്രധാന പ്രതിയായ നേമം സോണൽ ഓഫിസ് സൂപ്രണ്ട് ശാന്തി അടക്കം നാലുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തത്.
പ്രതികൾക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടായത് സമരത്തിൻ്റെ വിജയമായാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം ദിവസങ്ങളായി നിരാഹാരം അനുഷ്ഠിച്ചതിനെ തുടർന്ന് അവശനിലയിലായ കൗൺസിലർമാരെ ആശുപത്രിയിലേക്ക് മാറ്റി.