തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പിലെ പ്രതിയായ സബ് ട്രഷറി അക്കൗണ്ടന്‍റ് ബിജു ലാലിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നോട്ടീസ് പോലും നൽകാതെയാണ് നടപടി. ബിജുലാൽ ചെയ്തത് ഗുരുതര സൈബർ കുറ്റകൃത്യമാണെന്ന് യോഗം വിലയിരുത്തി. തട്ടിപ്പ് കണ്ടു പിടിച്ച വഞ്ചിയൂർ സബ് ട്രഷറിയിലെ ട്രഷറി ഓഫിസർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ധനവകുപ്പിലെയും എൻ.ഐ.സിയിലെയും അഞ്ച് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. തട്ടിപ്പിൽ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. സമിതി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനു ശേഷമായിരിക്കും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.
സോഫ്റ്റ്‌വെയറിൽ പിഴവുകൾ ഉണ്ടായോ എന്ന് കണ്ടെത്താൻ ട്രഷറി സോഫ്റ്റ് വെയറിൽ സെക്യൂരിറ്റി ഓഡിറ്റ് നടത്താനും തീരുമാനിച്ചു. തട്ടിപ്പിൽ സബ് ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടി ട്രഷറി ഡയറക്ടർ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രി ഉന്നത തല യോഗം വിളിച്ചത്. ധനവകുപ്പ് സെക്രട്ടറി, ട്രഷറി സോഫ്‌റ്റ്‌വെയറിന്‍റെ ചുമതലയുള്ള എൻ.ഐ.സി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടു കോടി രൂപ ബിജുലാൽ തട്ടിയെടുത്തുവെന്നാണ് കേസ്. ട്രഷറി സോഫ്‌റ്റ്‌വെയറില്‍ ക്രമക്കേട് നടത്തിയായിരുന്നു തട്ടിപ്പ്. അതേസമയം പ്രതി ഇപ്പോഴും ഒളിവിലാണ്. ഇ- കോര്‍ട്ട് മുമ്പാകെ സമര്‍പ്പിച്ച ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി മടക്കിയിരുന്നു.