തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയകവിയും ഗാന രചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. ചലചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവത്കരിക്കുകയും ചെയ്‌ത ഗാനരചയിതാവാണ് ബിച്ചു തിരുമലയെന്ന് അനുശേചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ പദസ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആസ്വാദക മനസിനോട് ചേര്‍ന്നു നിന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.
മൂന്ന് പതിറ്റാണ്ടുകളോളം എല്ലാ വിഭാഗം ജനങ്ങളെയും വരികളിലൂടെ ഒരുപോലെ വശീകരിച്ച കവിയും ഗാനരചയിതാവുമായിരുന്നു ബിച്ചു തിരുമലയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ബിച്ചു തിരുമലയ്ക്ക് ആദരം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മലയാളികളുടെ മനസില്‍ മായാതെ പതിഞ്ഞ് നിരവധി ഗാനങ്ങളുടെ ശില്‍പിയാണ് ബിച്ചുതിരുമലയെന്ന് സ്‌പീക്കര്‍ എം.ബി.രാജേഷ് അനുസ്‌മരിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി.എ.മുഹമ്മദ് റിയാസ്, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി എന്നിവര്‍ അനുശോചിച്ചു.
READ MORE: Bichu Thirumala: 'ഒഴുകിയൊഴുകി' പുഴയ്‌ക്കൊപ്പം യാത്രയായി തിരുമല