തിരുവനന്തപുരം: ബാർ കോഴക്കേസിലെ രഹസ്യമൊഴിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെന്ന ബിജു രമേശിന്‍റെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ആരെയും വിളിച്ചിട്ടില്ല. ഭാര്യ രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടുന്ന ആളല്ല. അതുകൊണ്ടുതന്നെ ഇക്കാര്യം പറഞ്ഞ് ബിജു രമേശിനെ വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
രഹസ്യമൊഴി കൊടുക്കുന്ന ദിവസം ആദ്യം വിളിച്ചത് രമേശ് ചെന്നിത്തലയുടെ ഭാര്യയാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. അസുഖങ്ങളുള്ള ആളാണെന്നും ഉപദ്രവിക്കരുതെന്നും അഭ്യർഥിച്ചു. ഗൺമാന്‍റെ ഫോണിൽ നിന്നാണ് വിളിച്ചത്. പിന്നാലെ 11 മണിയോടെ രമേശ് ചെന്നിത്തലയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് ആവർത്തിച്ചു. അതിനുശേഷം തനിക്കെതിരെ രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിനും നിർദേശം നൽകി. പുതിയ ആരോപണം ഉന്നയിച്ചതിന് ശേഷവും ചെന്നിത്തല സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് ബിജു രമേശ് ആരോപിച്ചത്.