തിരുവനന്തപുരം : ദിലീപിനെതിരെ പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാർ. അന്വേഷണ ഉദ്യേഗസ്ഥനെ എങ്ങനെ വധിക്കണമെന്ന രീതിയെ കുറിച്ച് വ്യക്തമാക്കുന്ന ശബ്‌ദ രേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് പറയുന്നത് ശബ്‌ദരേഖയില്‍ വ്യക്തമാണ്.
2017 നവംബര്‍ 15ന് ദിലീപിന്‍റെ വീട്ടില്‍ നടന്ന ഗൂഢാലോചനയുടെ ശബ്‌ദ രേഖയാണിതെന്ന് ബാലചന്ദ്രകുമാർ അറിയിച്ചു. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ സംഭാഷണവും ഇതില്‍ വ്യക്തമാണ്. ഒരു വര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്നാണ് അനൂപ് പറയുന്നത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും കൂട്ടരും നടത്തിയതെന്നാണ് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നത്. ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ശബ്ദരേഖ സംബന്ധിച്ച വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാലാണ് ഗൂഢാലോചനയുടെ മുഴുവന്‍ ശബ്‌ദ രേഖയും പുറത്തുവിടാത്തതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ലക്ഷ്യമില്ലായിരുന്നെന്നും ശാപവാക്കാണ് പറഞ്ഞതെന്നുമായിരുന്നു ദിലീപിന്‍റെ ഹൈക്കോടതിയിലെ നിലപാട്. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന നിര്‍ണായകമായ തെളിവാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ്.