തിരുവനന്തപുരം: വഞ്ചിയൂരിലെ ഡി.ആര്‍.ഐ ഓഫിസ് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബാലഭാസ്‌കറിന്‍റെ അപകടമരണവുമായി ബന്ധമുണ്ടെന്ന് സംശയമുയരുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച തിരുവനന്തപുരം വഞ്ചിയൂരിലെ അതേ ഡി.ആര്‍.ഐ ഓഫിസിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമമുണ്ടായത്. ബാലഭാസ്‌കറിന്‍റെ അപകട മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ ഡി.ആര്‍.ഐ ഓഫിസില്‍ മോഷണ ശ്രമം നടന്നത് പല ദുരൂഹതകള്‍ക്കും വഴി വച്ചു.
ശനിയാഴ്ച രാത്രിയിലാണ് മോഷണ ശ്രമം ഉണ്ടായത്. ഓഫിസിന്‍റെ മുന്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ പിന്‍വാതിലിലൂടെ പുറത്തു പോകുകയായിരുന്നു. ഉള്ളില്‍ കടന്ന മോഷ്ടടാക്കള്‍ ഓഫിസിന്‍റെ സ്‌ട്രോങ് റൂം തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓഫിസില്‍ നിന്ന് രേഖകളോ മറ്റെന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെട്ടില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു.
ബാലഭാസ്‌കറിന്‍റെ പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ചിലരെ ബാലഭാസ്‌കറിന്‍റെ മരണ ശേഷം സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെയും ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തിരുന്നു. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അദ്ദേഹത്തിന്‍റെ മാനേജര്‍മാരില്‍ നിന്ന് ഡി.ആര്‍.ഐ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സി.ബിഐ സംഘത്തിന് കൈമാറാനിരിക്കേ ഡി.ആര്‍.ഐ ഓഫിസിലുണ്ടായ മോഷണ ശ്രമത്തിന് ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. ഈ രേഖകള്‍ കവരാനുള്ള ശ്രമമാകാം മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ഓഫിസില്‍ സിസിടിവി ഇല്ലാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്.