തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റി ഓഫിസിന് നേരെ കല്ലേറ്. ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഓഫിസിന്‍റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്‌ത ജില്ല സെക്രട്ടറിയുടെ വാഹനത്തിന് കേടുപാടുണ്ടായി.
മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തി ഓഫിസിന് നേരെ കല്ലെറിഞ്ഞവര്‍ക്ക് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെങ്കിലും പിടികൂടാനായില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം: ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. ഇന്നലെ വൈകീട്ട് വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സിപിഎം ഓഫിസിന് നേരെയുണ്ടായ ആക്രമണമെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സംഭവത്തില്‍ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
നഗരസഭ എല്‍ഡിഎഫ് വികസന ജാഥയുടെ ഭാഗമായി വഞ്ചിയൂരില്‍ സംഘടിപ്പിച്ച യോഗത്തിനിടെ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ കയ്യേറ്റം ചെയ്യാന്‍ ആര്‍എസ്്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നാരോപിച്ച് സംഘര്‍ഷമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എബിവിവി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായതായി എബിവിപി ആരോപണം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ സിപിഎം ജില്ല കമ്മറ്റി ഓഫിസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടർച്ചയെന്ന് ആരോപണം: വികസനജാഥ ഇന്ന് പര്യടനം നടത്തേണ്ട വട്ടിയൂര്‍ക്കാവ് പ്രദേശത്തെ നെട്ടയം, മലമുകള്‍ ഭാഗങ്ങളിലെ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകള്‍ ഇന്നലെ രാത്രി നശിപ്പിക്കപ്പെട്ടു. മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഎം ആരോപിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് സിപിഎം ജില്ല കമ്മറ്റി ഓഫിസ് ആക്രമണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, വഞ്ചിയൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 24 പേര്‍ക്കെതിരെ കേസെടുത്തു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ പരാതിയില്‍ എബിവിപി പ്രവര്‍ത്തകരായ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ച് ആറുപേര്‍ക്കെതിരെയും കേസെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Also read: വനിത കൗൺസിലറെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി, അക്രമികള്‍ ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് സിപിഎം