തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡ് നിലവിൽ വന്നു. എടിഎം കാർഡിൻ്റെ മാതൃകയിൽ പോക്കറ്റിലോ പഴ്‌സിലോ സൂക്ഷിയ്ക്കാവുന്ന തരത്തിലാണ് പുതിയ കാർഡ്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ അനിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിന് പുതിയ മാതൃകയിലുള്ള ആദ്യ കാർഡ് കൈമാറി.അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ ഐഎഎസും കാർഡ് ഏറ്റുവാങ്ങി.
അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകി പുതിയ കാർഡുകൾ വാങ്ങാം. കാർഡിന് സർക്കാർ
ഫീസ് ഈടാക്കുന്നില്ല. അക്ഷയയിൽ ഇതിൻ്റെ പ്രിൻ്റിങ് ചെലവായി 65 രൂപ ഈടാക്കും. നാല് മാസത്തിനുള്ളിൽ സ്‌മാർട്ട് റേഷൻ കാർഡുകൾ പുറത്തിറക്കാനാണ് സർക്കാരിൻ്റെ ശ്രമം.
ഭക്ഷ്യധാന്യങ്ങൾ കടത്തുന്നത് തടയാന്‍ 'വെഹിക്കിൾ ട്രാക്കിങ്'
ഭക്ഷ്യപൊതുവിതരണത്തിലെ ചോർച്ച തടയാൻ വെഹിക്കിൾ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങിയതായി മന്ത്രി അറിയിച്ചു.
കരാർ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണമെന്ന് നിർദേശം നൽകിക്കഴിഞ്ഞു.
മുന്നൂറോളം വാഹനങ്ങളിൽ ഇതിനകം ജിപിഎസ് ഘടിപ്പിച്ചു. ഈ സംവിധാനത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്ത വാഹനങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഗോഡൗണിൽ നിന്ന് പുറപ്പെടുന്ന വാഹനം വഴിമാറി ഓടുകയോ ഒരു മിനിറ്റിൽ കൂടുതൽ നിർത്തിയിടുകയോ ചെയ്‌താൽ കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്ന തരത്തിലാണ് വെഹിക്കിൾ ട്രാക്കിങ് സംവിധാനം. ഗോഡൗണിൽ നിന്ന് വാതിൽപ്പടി വിതരണത്തിലെ ഔട്ട്‌ലെറ്റുകളിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യധാന്യങ്ങൾ കടത്തുന്നത് തടയാനാണ് സംവിധാനം.
ഉപഭോക്താക്കൾക്ക് റേഷൻകടകളിൽ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം സാധനങ്ങൾ വാങ്ങാൻ കഴിയാതെ വരികയോ അധിക സമയം ചെലവിടേണ്ടി വരികയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നവംബർ 15ന് തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങും.
കേരളത്തിലേക്കുള്ള ഭക്ഷ്യവിതരണം സുഗമമാക്കുന്നതിന് ഹൈദരാബാദ് എൻഎഫ്‌എസ്എ ഗോഡൗൺ കേന്ദ്രീകരിച്ച് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
Read more: റേഷന്‍ കാര്‍ഡുകള്‍ ഇനി മുതല്‍ എടിഎം കാര്‍ഡ് രൂപത്തിലും ; ഓണ്‍ലൈനായി അപേക്ഷിക്കാം