എറണാകുളം: നിയമസഭ കൈയ്യാങ്കളി കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി. മന്ത്രി വി ശിവൻകുട്ടിയടക്കമുള്ള പ്രതികൾ സെപ്‌റ്റംബർ 14 ന് വിചാരണക്കോടതി മുൻപാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മുൻപാകെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിടുതൽ ഹർജിയിൽ തീരുമാനം വരും വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. ഇതോടെ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത്ത് എന്നിവർ സെപ്‌റ്റംബർ 14 ന് തിരുവനന്തപുരം സി.ജെ.എം കോടതി മുൻപാകെ ഹാജരാകണം.
കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയ്യാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചെന്നാണ് ഇവർക്കെതിരായ കേസ്. കേസിൽ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജി ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.
കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത അടക്കം ചോദ്യം ചെയ്‌താണ് പ്രതികൾ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകിയത്. നേരത്തെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്.