തിരുവനന്തപുരം: കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ 2015 മാര്‍ച്ച് 13ന് കേരള നിയമസഭയിലുണ്ടായ അക്രമസംഭവങ്ങളില്‍ 2.5 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. നിയമസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. കേസ് അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി.
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് വിചാരണ ആരംഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വിചാരണ ആരംഭിക്കുമ്പോള്‍ കേസില്‍ പ്രതികളായിരുന്ന ഇ.പി. ജയരാജനും കെ.ടി ജലീലും മന്ത്രിമാരായിരുന്നു. കേസില്‍ ജാമ്യമെടുത്തതിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സി.ജെ.എം കോടതിയെ സമീപിച്ചു.
ഇതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി നല്‍കി. കേസ് പിന്‍വലിക്കാനാകില്ലെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നും സി.ജെ.എം കോടതി വിധിച്ചു. സി.ജെ.എം കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ ജസ്റ്റീസ് ബി.വൈ. ചന്ദ്രചൂഡ് തള്ളിയിരിക്കുന്നത്.
നഷ്‌ടം ഇങ്ങനെ
2015 മാര്‍ച്ച് 13 ലെ സംഭവത്തിനു ശേഷം സ്പീക്കര്‍ നാശനഷ്ടത്തിന്‍റെ കണക്കെടുത്തു. ഈ കണക്കുകളും കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘത്തിന് നിയമസഭ സെക്രട്ടേറിയറ്റ് പിന്നീട് കൈമാറി.
- സ്പീക്കറുടെ കസേര-20000 രൂപ
- എമര്‍ജന്‍സി ലാമ്പ്-2185 രൂപ
- മൈക്ക് യൂണിറ്റ് 4 എണ്ണം-1,45,920 രൂപ
- സ്റ്റാന്‍ഡ് ബൈ മൈക്ക് 1-22000 രൂപ
- ഡിജിറ്റല്‍ക്ലോക്ക് 2 എണ്ണം - 200 രൂപ
- മോണിറ്റര്‍ 2 എണ്ണം- 28000 രൂപ
- ഹെഡ് ഫോണ്‍ മൂന്നെണ്ണം -1788 രൂപ
also read: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി