തിരുവനന്തപുരം: 2021 കേരള ധനവിനിയോഗ ബിൽ പാസാക്കി നിയമസഭ പിരിഞ്ഞു. അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞ സഭ ഒക്ടോബറില്‍ വീണ്ടും സമ്മേളിച്ച് സമ്പൂർണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്.
നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടാണ് ഒടുവില്‍ നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും നിലനിൽക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഭരണപക്ഷത്തെ 90 പേർ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷത്തെ 35 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു.
also read: കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും പുതുക്കിയ ബഡ്ജറ്റ് അവതരണത്തിനുമായി 12 ദിവസമാണ് സഭ ചേർന്നത്. ഏഴ് അടിയന്തര പ്രമേയ നോട്ടീസും, 14 ശ്രദ്ധ ക്ഷണിക്കൽ നോട്ടീസും 89 സബ്മിഷനുമാണ് സഭയുടെ പരിഗണനയ്ക്ക് എത്തിയത്.
രണ്ട് പ്രമേയങ്ങൾ ഐകകണ്ഠേനയും പാസാക്കി. എക്സൈസ്, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാർ എല്ലാ ചോദ്യങ്ങൾക്കും സഭയിൽ മറുപടി നൽകി. ചോദ്യങ്ങൾക്ക് എല്ലാ മന്ത്രിമാരും യഥാസമയം മറുപടി നൽകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.