തിരുവനന്തപുരം : ഐ.എൻ.ടി.യു.സി നേതാവും അഞ്ചൽ ഏരൂർ കോൺഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ 18,19 പ്രതികളായ ജയ് മോഹൻ, റോയ് കുട്ടി എന്നിവർ സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി.
സെപ്റ്റംബർ 20 ന് കോടതി വിധി പ്രസ്‌താവിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ ഒരു തെളിവുമില്ലെന്നുമാണ് പ്രതികളുടെ വാദം.
എന്നാൽ രാമഭദ്രനെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകാന്‍ രണ്ടു പ്രതികളും സഹായിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് സിബിഐ പ്രതിഭാഗത്തിന് മറുപടി നൽകി.
ALSO READ : അഞ്ചൽ രാമഭദ്രൻ കൊലക്കേസ്; പന്ത്രണ്ടാം പ്രതിയ്ക്ക് ജാമ്യം
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ വ്യക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തകനായ രാമഭദ്രൻ പാർട്ടി പ്രചരണങ്ങള്‍ ഊര്‍ജിതമാക്കുകയും സിപിഎമ്മിൽ നിന്നും പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തു. ഇതാണ് കൊലപ്പെടുത്താൻ കാരണമെന്ന് സിബിഐ വ്യക്തമാക്കുന്നു.