തിരുവനന്തപുരം: കേരളത്തിലെ ഡി.സി.സി പ്രസിഡന്‍റ് പുന സംഘടനയോടെ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ ഹൈക്കാന്‍ഡ് പക്ഷം രംഗത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇരുവരെയും നേരിട്ട് ഫോൺ ചെയ്‌താണ് അനുനയ നീക്കങ്ങൾക്ക് തുടക്കമിട്ടത്.
ഫോൺ വഴി അനുനയം
സെപ്തംബര്‍ 6ന് തിരുവനന്തപുരത്തു നടക്കുന്ന യു.ഡി.എഫ് ഉന്നത തല യോഗത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിനാണ് ഇടഞ്ഞു നില്‍ക്കുന്ന ഇരു നേതാക്കളെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫോണില്‍ വിളിച്ചത്. പക്ഷേ യോഗത്തില്‍ പങ്കെടുക്കാമെന്നോ ഇല്ലെന്നോ ഇരുവരും മറുപടി പറഞ്ഞില്ല. ഇരുവരുമായും കെ.സുധാകരനും ഉടന്‍ സംഭാഷണം നടത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത്തരം ഇടപെടലുകള്‍ ഫലം ചെയ്തില്ലെന്ന സൂചനകള്‍ തൊട്ടു പിന്നാലെ പുറത്തു വന്നു.
" താൻ നാലണ മെമ്പർ മാത്രം, പക്ഷേ ഉമ്മൻചാണ്ടി അങ്ങനെയല്ല"
കോട്ടയത്ത് നാട്ടകം സുരേഷ് ഡി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ ഹൈക്കമാന്‍ഡ് പക്ഷത്തിനെതിരെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഇപ്പോള്‍ അച്ചടക്കം പറയുന്ന ചിലരുടെ മുന്‍ കാല ചെയ്തികള്‍ കണക്കിലെടുത്താല്‍ അവര്‍ കോണ്‍ഗ്രസിലുണ്ടാകുമായിരുന്നില്ലെന്ന് തുറന്നടിച്ച ചെന്നിത്തല ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്താതിരുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ചു.
താന്‍ വെറും നാലണ മെമ്പര്‍ മാത്രമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമാണ്. അദ്ദേഹം കാര്യങ്ങളറിയണ്ടേയെന്നും ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ അവഗണിച്ചു മുന്നോട്ടു പോകാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായിയായ കെ.സി.ജോസഫും ചടങ്ങില്‍ മുന്നറിയിപ്പു നല്‍കി.
ഇന്ന് മിണ്ടാതെ ഉമ്മൻചാണ്ടി
അതേസമയം പുകയുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്നും തയ്യാറായില്ല. തിരുവനന്തപുരത്ത് കെ.എസ്.യു സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിയെ മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. എല്ലാം അവസാനിച്ചു എന്ന് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച ഹൈക്കമാന്‍ഡ് പക്ഷവും ഇതോടെ നിരാശയിലായി.
എല്ലാറ്റിനും പിന്നില്‍ കെ.സി.വേണുവേണുഗോപാലാണെന്ന നിലപാടില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പ്രായം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ വേണുഗോപാല്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന വികാരവും രണ്ടു നേതാക്കള്‍ക്കുമുണ്ട്. അതിനാല്‍ പ്രശ്‌നമുണ്ടാക്കിയ കെ.സി.വേണുഗോപാല്‍ തന്നെ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങട്ടെയെന്ന നിലപാടിലാണ് ഇരു നേതാക്കളും.
സമവായം വരും
ഡി.സി.സി പുനസംഘടനയിലുണ്ടായ കല്ലുകടി കെ.പി.സി.സി പുനസംഘടനയിലുണ്ടാകാതിരിക്കാന്‍ കരുതലോടെ നീങ്ങാനാണ് കെ.സുധാകരന്‍റെയും സതീശന്‍റെയും തീരുമാനം. ഇതിനായി കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നതു മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഉമ്മന്‍ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും നിന്ന് തുടങ്ങാനാണ് ഹൈക്കമാന്‍ഡ് പക്ഷത്തിന്‍റെ തീരുമാനം.