തിരുവനന്തപുരം: ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഒക്ടോബര്‍ 18ന് ആരംഭിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിചാരണ പരിഗണിക്കുക. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നി ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 120 (ബി ), 201, 20, 27 ആയുധ നിയമം എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ.
കൊല്ലപ്പെട്ട അഞ്ചൽ രാമഭദ്രൻ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിപിഎം മേഖലകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.
അഞ്ചൽ സ്വദേശികളായ ഗിരീഷ് കുമാർ, പത്മൻ, അഫ്‌സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, ഡിവൈഎഫ്‌ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, മുൻ മന്ത്രി ജെ മെഴ്‌സികുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് കുണ്ടറ സ്വദേശി മാർക്‌സൺ, മുൻ സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി പിഎസ് സുമൻ, സിപിഎം മുൻ ജില്ല കമ്മറ്റി അംഗം ബാബു പണിക്കർ, ജയ്‌മോഹൻ, റോയികുട്ടി, രവീന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.
Read more: അഞ്ചൽ രാമഭദ്രൻ വധക്കേസ് : 18,19 പ്രതികളുടെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി