തിരുവനന്തപുരം : ഐ.എൻ.ടി.യു.സി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്‌തു. വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. പ്രതികളുടെ വിടുതൽ ഹർജികൾ സിബിഐ കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കോൺഗ്രസ് പ്രവർത്തകനായിരുന്ന രാമഭദ്രൻ പാര്‍ട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും സിപിഎം പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തതിനെ തുടർന്നതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ കേസ്.
READ MORE: അഞ്ചൽ രാമഭദ്രൻ വധക്കേസ് : 18,19 പ്രതികളുടെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി
അഞ്ചൽ, കൊല്ലം, പുനലൂർ സ്വദേശികളായ ഗിരീഷ് കുമാർ, പത്മൻ, അഫ്‌സൽ, നജ്‌മല്‍, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, മുൻ മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് കുണ്ടറ സ്വദേശി മാർക്‌സൺ, മുൻ സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമൻ, സിപിഎം മുൻ ജില്ല കമ്മറ്റി അംഗം ബാബു പണിക്കർ, ജയ്‌മോഹൻ, റോയികുട്ടി, രവീന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.