തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച മദ്യ വില്പന സംസ്ഥാനത്ത് പുനരാരംഭിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി ബിവറേജസ് കോർപറേഷൻ വെർച്യുൽ ക്യൂ സംവിധാനത്തിനായി ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷനിലെ ആശയക്കുഴപ്പത്തോടെയാണ് വില്പന തുടങ്ങിയത്. പലയിടത്തും ആപ്പിലെ സാങ്കേതിക പിഴവ് മൂലം വില്പന വൈകിയാണ് ആരംഭിച്ചത്.
ആപ്ലിക്കേഷനിലൂടെ സമയം ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് സ്ക്രീൻ ചെയ്യാൻ കഴിയാത്തതാണ് പലയിടത്തും പ്രശ്നമായത്. ബിവറേജസ് ഔട്ട് ലെറ്റുകളിലും ബാറുകളിലും ഇതേ പ്രശ്നം ഉയർന്നു. തുടർന്ന് ക്യൂ ആർ കോഡിന്‍റെ ഫോട്ടോ എടുത്ത ശേഷം മദ്യം നൽകാൻ കോർപ്പറേഷൻ നിർദേശിച്ചു. ഇതോടെയാണ് മദ്യവില്പന പുനരാംഭിച്ചത്.
കൺസ്യൂമർ ഫെഡിന്‍റെ ഔട്ട് ലെറ്റുകളിൽ വില സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രശ്നമായത്. വർധിപ്പിച്ച വില കൺസ്യൂമർ ഫെഡിന് ബിവറേജസിൽ നിന്നും ലഭിച്ചിരുന്നില്ല. കംപ്യൂട്ടർ സംവിധാനത്തിൽ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ ബില്ലുകൾ എഴുതി നൽകി വില്പന തുടങ്ങിയപ്പോൾ രണ്ട് മണിക്കൂർ വൈകി. വില്പന കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ തിരക്കുമായി. ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആപ്ലിക്കേഷൻ തയാറാക്കിയ ഫെയർ കോഡ് കമ്പനിക്ക് നിർദേശം നൽകി. എസ്.എം.എസ് സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് തയാറായിട്ടില്ല. അതിനാൽ സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് മദ്യം ലഭിച്ചില്ല.
കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മദ്യവില്പന നടക്കുന്നത്. അഞ്ച് പേർക്ക് മാത്രമാണ് വില്പന കേന്ദ്രത്തിൽ പ്രവേശനം. ഉപഭോക്താക്കളുടെ ശരീരോഷ്മാവ് തെരമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. സാനിറ്റെസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നുണ്ട്. ഇന്ന് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ വിതരണം അവസാനിപ്പിച്ചു. വെള്ളിയാഴ്ച മദ്യം വാങ്ങാനുള്ള ടോക്കണ്‍ വ്യാഴാഴ്ച ഉച്ച മുതല്‍ ആപ്പില്‍ ലഭിക്കും.