തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സ്ഥാപിക്കുന്ന എയർ ഫോഴ്‌സ് മ്യൂസിയത്തിന്‍റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വിമാനത്തിന്‍റെ രൂപത്തിലാണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏത് വായു സേനയോടും കിടപിടിക്കുന്ന ആധുനിക യുദ്ധസാമഗ്രികള്‍ സ്വന്തമായുള്ള ഇന്ത്യന്‍ സേനയുടെ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തുന്ന പഴയകാല യുദ്ധസാമഗ്രികളും, പഴയകാല എയര്‍ക്രാഫ്റ്റ്കളെ കുറിച്ചും മ്യൂസിയം വിശദീകരിക്കും.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സതേണ്‍ കമാന്‍റ് കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 98 ലക്ഷം രൂപയാണ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. യു.എല്‍.സി.സി.എസാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. മ്യൂസിയത്തോടൊപ്പം യോഗാകേന്ദ്രത്തിന്‍റെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. ടൂറിസം ഡയറക്ടർ പി ബാലകിരൺ അധ്യക്ഷനായ ചടങ്ങിൽ സതേൺ എയർ കമാന്‍റ് കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബി.സുരേഷ് മുഖ്യാതിഥിയായി. സബ് കലക്ടർ അനു.എസ്.നായർ, വാർഡ് കൗൺസിലർ സിനി, ഡി.ടി.പി.സി സെക്രട്ടറി എസ്. ബിന്ദുമണി എന്നിവർ പങ്കെടുത്തു.