തിരുവനന്തപുരം: എകെജി സെന്‍ററിന് നേർക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ കേസിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണം നടത്തുന്ന പ്രത്യേക സംഘം കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പ്രതിയിലേക്കെത്തുന്ന സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെ എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ സംശയത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് സ്‌ഫോടകവസ്‌തു എറിഞ്ഞ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായി.
അതേസമയം ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്‌ഫോടകവസ്‌തു എറിയുന്നതിനു മുന്‍പ് ഈ ഭാഗത്ത് ചുവന്ന സ്‌കൂട്ടറില്‍
വന്നു തിരികെ പോയ ആള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞു.
ഇയാള്‍ അക്രമിയുടെ സഹായിയാകാമെന്നും കൃത്യം നടത്തുന്നതിനു മുമ്പ് സാഹചര്യം പരിശോധിച്ച് വിവരം കൈമാറാന്‍ എത്തിയതാകാമെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാൽ ഇയാള്‍ നഗരത്തില്‍ തട്ടുകട നടത്തുന്നയാളാണെന്നും, മറ്റു ചില ആവശ്യങ്ങള്‍ക്കായി ഈ ഭാഗത്തു വന്നതാണെന്നും പൊലീസ് കണ്ടെത്തി. ലഭിച്ച സൂചനകളൊന്നും അന്വേഷണത്തിന് സഹായകരമാകാത്ത പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം വഴിമുട്ടിയ നിലയിലാണ്.